Sunday, May 11, 2008

മാതൃദിനത്തില്‍ ഈ അമ്മയെ പരിചയപ്പെടുക : യാത്ര

ഞാന്‍ ഈ അമ്മയെ കാണുന്നത് കഴിഞ്ഞ വര്‍ഷം നാട്ടിലെ ഒരു പെരുന്നാള്‍ ചടങ്ങിലാണ്. ഒരു വീട്ടില്‍ ചെന്നപ്പോള്‍
ഈ അമ്മ അവിടെ ഉണ്ടായിരുന്നു.തുണിക്കച്ചവടമാണ് തൊഴില്‍ എന്ന് ഈ അമ്മ പറഞ്ഞു. അന്ന് എന്നോട്
സംസാരിച്ച ഈ അമ്മയുടെ ഉള്ളില്‍ ദുഃഖത്തിന്റെ കടലിരുമ്പുന്നത് എനിക്കറിയാന്‍ കഴിഞ്ഞില്ല.സാധാരണരീതിയില്‍ സംസാരിക്കുന്ന ഈ അമ്മയ്ക്ക് എന്തെങ്കിലും മാനസികമായ ദുഃഖമുണ്ടന്ന് ആര്‍ക്കും മനസിലാകത്തില്ല.ഒന്നു രണ്ടുപേരോടല്ലാതെ അവര്‍ അവരുടെ ദുഃഖം പറഞ്ഞിട്ടില്ലായിരുന്നു.ഉള്ളിലെ ദുഃഖത്തിന്റെ കനലുകള്‍ ഒളിപ്പിച്ച് വെച്ച് ഈ അമ്മ എങ്ങനെ ഇത്രയും നാള്‍ എങ്ങനെ കഴിഞ്ഞു ,കഴിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

ഈ അമ്മയേയും അമ്മയോട് സംസാരിച്ചതും ഞാന്‍ മറന്നു.കുറച്ചു നാളുകള്‍ക്ക് ശേഷം മുംബയിലെ ഒരു സായ്‌ഹാന സദസ്സില്‍ ഈ അമ്മയെക്കുറിച്ചുള്ള സംസാരം ഉണ്ടായി.അപ്പോഴാണ് ഈ അമ്മയുടെ കഥ , അല്ല ജീവിതം ഞാനറിയുന്നത്. സാധാരണ കുടുംബത്തിലാണ് ഇവര്‍ ജനിച്ചത്.പത്തിരുപത്തഞ്ച് വയസ്സായപ്പോള്‍ വിവാഹം കഴിഞ്ഞു.വീട്ടുകാര്‍ ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു.നാട്ടിന്‍പുറത്തു ജനിച്ചു വളര്‍ന്നവള്‍,നാടിനു പുറത്ത് ഒരിക്കല്‍ പോലും പോയിട്ടല്ലാത്തവള്‍... വിവാഹശേഷം ഭര്‍ത്താവോടൊത്ത് താമസമായി.സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയായി ഒരു പുതിയ ജീവിതം.കൊച്ചു കൊച്ചു പിണക്കങ്ങളും പരിഭവങ്ങളും ഒക്കെയായി ജീവിതം മുന്നോട്ട് നീങ്ങി.തങ്ങളുടെ സന്തോഷം പങ്കിടാന്‍ മൂന്നാമതൊരാളും കൂടി തങ്ങളുടെ ഇടയിലേക്ക് കടന്നുവരുന്നു എന്ന വാര്‍ത്ത അറിയിക്കാന്‍ ഭര്‍ത്താവിനെ അവര്‍ കാത്തിരുന്നു.ഭര്‍ത്താവ് വന്നയുടനെ അവര്‍ സന്തോഷവാര്‍ത്ത അറിയിച്ചു.നിസംഗതയോടെ അയാളതു കേട്ടു.പതിയെ പതിയെ അയാളുടെ സ്വഭാവം മാറുകയായിരുന്നു.

കനം വയ്ക്കുന്ന വയറിലേക്ക് നോക്കി അവര്‍ നെടുവീര്‍പ്പിട്ടു.ഒരു ദിവസം വീട്ടില്‍ നിന്ന് പണിക്കെന്ന് പറഞ്ഞിറങ്ങിയ
അയാള്‍ പിന്നീട് തിരിച്ചു വന്നില്ല.അയാള്‍ മറ്റൊരു സ്ത്രിയോടൊപ്പം താമസം തുടങ്ങിയതറിഞ്ഞപ്പോള്‍ അവള്‍ കരഞ്ഞില്ല. ജീവിതത്തിനു മുന്നില്‍ പകച്ചു നിന്ന് മരണത്തിലേക്ക് നടന്നില്ല.തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ തല ഉയര്‍ത്തി ജീവിക്കാന്‍ തന്നെ തീരുമാനിച്ചു.ഒരു ആണ്‍ കുഞ്ഞിനു അവള്‍ ജന്മം നല്‍കി.കുഞ്ഞിന്റെ അവകാശ ത്തിനു അവള്‍ അയാളുടെ വാതിക്കല്‍ പോയി ഇരന്നില്ല.ഈ അമ്മ ഒരു ഫെമിനിസ്‌റ്റോ സ്ത്രിവിമോചന പ്രവര്‍ത്തകയോ ആകാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങി.മറ്റൊരു വിവാഹത്തിനു പലരും പ്രേരിപ്പിച്ചു എങ്കിലും അമ്മ അതിനു കൂട്ടാക്കിയില്ല.മറ്റൊരു വിവാഹം കഴിച്ചാല്‍ തന്റെ ക്കുഞ്ഞിനെ പിരിയേണ്ടിവന്നാലോ എന്ന് അമ്മ ഭയപ്പെട്ടത് കൊണ്ടാണ് അമ്മ മറ്റൊരു വിവാത്തിനു സമ്മതം മൂളാതിരുന്നത്.

ജീവിക്കാന്‍ വേണ്ടി അമ്മ അരിക്കച്ചവടം തുടങ്ങി.മില്ലുകളില്‍ നിന്ന് അരി വാങ്ങി കുട്ടയിലാക്കി തലച്ചുമടായി അമ്മ വീടുവീടാ ന്തരം കയറിയിറങ്ങി വില്പനനടത്തി.(പണ്ട് നമ്മുടെ നാട്ടില്‍ ബ്രാന്‍ഡഡ് അരി വിപണിയില്‍ വരുന്നതിനു മുമ്പ് വീടുകളില്‍ കൊണ്ടുവന്നാണ് മിക്കയിടങ്ങളിലും അരി വില്പന നടത്തിയിരുന്നത്.)അരി വില്പനയില്‍ കൂടി കിട്ടുന്ന ചില്ലറ ലാഭത്തുട്ടുകളില്‍ കൂടി അമ്മ തങ്ങളുടെ ജീവിതം മുന്നോട്ട് നടത്തി.മകന്‍ വളരുമ്പോള്‍ തന്റെ കഷ്ടപ്പാടുകളെല്ലാം മാറുമെന്ന് അമ്മ വിശ്വസിച്ചു.നാട്ടുകാരും അമ്മയെ അങ്ങനെതന്നെ ആശ്വസിപ്പിച്ചു.വഴിവക്കില്‍ തന്റെ ഭര്‍ത്താവിനെ കണ്ടാല്‍ അമ്മ തലകുനിച്ചിരുന്നില്ല.തലയുയര്‍ത്തിതന്നെ നടന്നു.അതുകണ്ട് അയാളുടെ തലകുനിഞ്ഞു.അമ്മ മകനെ പഠിപ്പിച്ചു.

ശരീരം പഴയതുപോലെ വഴങ്ങിയില്ലങ്കിലും അമ്മ അരി വില്പന നിര്‍ത്തിയില്ല.മകന്‍ വളര്‍ന്നു.അവന് വിവാഹ ആലോചന കളൊക്കെ അമ്മ കൊണ്ടുവന്നു.അതെല്ലാം അവന്‍ ഒഴുവാക്കി.കല്ല്യാണതീരുമാനം മകനു തന്നെ അമ്മ വിട്ടു.മകന്‍ തന്നെ കൊണ്ടുവന്ന വിവാഹത്തിനു അമ്മ സമ്മതം മൂളി.മകന്റെ സന്തോഷമായിരുന്നല്ലോ എന്നും അമ്മയ്ക്ക് വലുത്.സ്വന്തം സുഖസന്തോഷങ്ങള്‍ എല്ലം ത്യജിച്ച് അമ്മ ഇത്രയും നാളും ജീവിച്ചത് മകന് വേണ്ടി ആയിരുന്നല്ലോ?വിവാഹം കഴിഞ്ഞു. മരുമകള്‍ക്ക് താനൊരു അപശകുനമാണോ എന്ന് അമ്മ സംശയിച്ചു.മരുമകളുടെ വാക്കും പ്രവര്‍ത്തിയും അത്തരത്തിലായി രുന്നു.അമ്മയ്ക്ക് നേരെ മരുമകള്‍ കുത്തുവാക്കൂകള്‍ തൊടുത്തു അമ്മയുടെ മനസ്സ് കീറിമുറിച്ചു.അമ്മ എല്ലാം മനസ്സില്‍ അടക്കി.മകന്റെ സന്തോഷജീവിതം താന്‍ മൂലം തകരാന്‍ പാടില്ല എന്ന് അമ്മ ആഗ്രഹിച്ചു.മകന്‍ അമ്മയോട് സംസാരിക്കാതായി.

മകന്‍ റോഡ്‌സൈഡില്‍ വീടും സ്ഥലവും വാങ്ങിയന്ന് മറ്റുള്ളവര്‍ പറഞ്ഞാണ് അമ്മ അറിയുന്നത്.ഒരു സുപ്രഭാതത്തില്‍ മകനും മരുമകളും വീട് വിട്ട് പോകുന്നത് നിറകണ്ണുകളോട് കണ്ടുനില്‍ക്കാനേ അമ്മയ്ക്ക് ആയുള്ളു.അവന്‍ തന്നെ പുതിയ വീട്ടിലേക്ക് വിളിക്കുമെന്ന് അമ്മ വിചാരിച്ചു.പക്ഷേ അത് ഉണ്ടായില്ല.പക്ഷേ മകന്‍ ഒന്നു ചെയ്തു എല്ലാ മാസവും ഒന്നാം തിയതി ആയിരം രൂപ അമ്മയ്ക്ക് ആരുടെയെങ്കിലും കൈയ്യില്‍ കൊടുത്തു വിടും.അമ്മ അതു വാങ്ങും.പക്ഷേ അതില്‍ നിന്ന് ഒരുകാശുപോലും എടുക്കാതെ മകന്റെപേരില്‍ ബാങ്കില്‍ ഇടുകയാണ്.

ഇപ്പോള്‍ ഹോള്‍‌സെയില്‍ ആയി തുണി എടുത്തുകൊണ്ടുവന്നു അമ്മ വീടുവീടാന്തരം കയറിയിറങ്ങി തുണികച്ചവടം
നടത്തുകയാണ്.വില്പന നടത്തുന്നു.മകനും കുടുംബവും വീണ്ടും തന്റെ അടുക്കലേക്ക് എത്തുമെന്ന് അമ്മ വെറുതെ ആശിക്കുന്നു.അമ്മയ്ക്ക് അറിയാം അതൊരിക്കലും സംഭവിക്കുകയില്ലന്ന്.നൊന്ത് പെറ്റ് വളര്‍ത്തിയതുകൊണ്ട് മാത്രം അമ്മയ്ക്ക് ആയിരം രൂപ നല്‍കുന്ന് ആ മകന് എന്തായിരിക്കും വിധി.?ആയിരം രൂപ നല്‍കുന്നു എന്നതില്‍ മാത്രം ഒരമ്മയും മകനും തമ്മിലുള്ള ബന്ധം മുന്നോട്ടു പോകുമോ?

ഈ അമ്മ ഇപ്പോഴും മകനും കുടുംബത്തിനും വേണ്ടി കണ്ണീരോട് പ്രാര്‍ത്ഥിക്കുന്നു.ഒരിക്കലും തന്റെ അവസ്ഥ മരുമകള്‍ക്ക് അവളുടെ മകന്‍ മൂലം സംഭവിക്കരുതേ എന്നാണ് ആ അമ്മയുടെ പ്രാര്‍ത്ഥന.ചരിത്രം ആവര്‍ത്തി ക്കാതിരിക്കുമോ?ഒരിക്കലും തന്റെ ചരിത്രം ആവര്‍ത്തിക്കരുതന്നാണ് ഈ അമ്മയുടെ ആവിശ്യം.ഇപ്പോഴും അമ്മ ഉറക്കത്തിലും കാതോര്‍ക്കും... തന്റെ മകന്റെ കാലൊച്ചയ്ക്കായി..................

Tuesday, May 6, 2008

വിധിവേട്ടയാടിയ പെണ്‍കുട്ടി : (യാത്ര)

ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ആ‍ പെണ്‍കുട്ടിയെ കാണുന്നത്.നിഷ്‌കളങ്കമായ പുഞ്ചിരിയുമായിഎന്റെ മുന്നില്‍ എത്തുന്നവള്‍.അവള്‍ എന്റെ കൂട്ടുകാരന്റെ പെങ്ങള്‍ ആണ്.പെങ്ങള്‍ എന്ന് പറഞ്ഞാല്‍ അമ്മയുടെ അനുജത്തിയുടെ മകള്‍. അവന് അവള്‍ സ്വന്തം പെങ്ങള്‍ തന്നെ ആയിരുന്നു.വിധിയുടെ ചതുരംഗപലകയില്‍ അവന് അച്ഛനുമമ്മയും നഷ്ട്‌പ്പെട്ടിരുന്നു.അച്ഛന്‍ അവന്റെ ചെറുപ്പത്തില്‍ തന്നെമരിച്ചിരുന്നു.അവന്റെ അനുജനെ കാണാന്‍ കാത്തുനില്‍ക്കാതെയാണ് അച്ഛന്‍ കടന്നുപോയത്.

അവന്റെ ഉള്ളിലെ വിഷമങ്ങള്‍ ഉള്ളിലൊതുക്കി കളിച്ചും ചിരിച്ചും അവന്‍ ഞങ്ങളോടൊപ്പം നടന്നു.വിധിവീണ്ടും അവനോട് ക്രൂരമായാണ് പെരുമാറിയത്.പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയും മരിച്ചതോടെ അവന്റ്യും അവന്റെചേട്ടന്റെയും അനുജന്റെയും ജീവിതം മരുഭൂമിയിലെ ജീവിതം പോലെയായി.ഒരിക്കലും മാഞ്ഞുകണ്ടിട്ടില്ലാത്ത ചിരി അവന്റെ മുഖത്തുനിന്നു മാഞ്ഞു.തികട്ടി വരുന്ന വേദനകള്‍ ഉള്ളില്‍ ഒളിപ്പിച്ച്അവന്‍ ഞങ്ങളോടൊപ്പം നടന്നു.ഈ സമയത്താണ് ആ പെണ്‍കുട്ടിയും അവളുടെ അച്ഛനും അമ്മയുംഅവരോടൊത്ത് താമസിക്കാന്‍ എത്തുന്നത്.

വീണ്ടും അവന്‍ ഞങ്ങളോടൊപ്പം കളിയും ചിരിയുമായി കൂടി.അവന്റെ പിന്നാലെ എപ്പോഴും അവള്‍
ഉണ്ടായിരുന്നു.ഒരു ചിത്രശലഭത്തെപ്പോലെ പാറിപ്പറന്ന് അവള്‍ ! ഞാനവനെ കാണാന്‍
ചെല്ലുമ്പോഴെല്ലാം അവളെ കാണുമായിരുന്നു.അവളുടെ തലമുടി കാണാന്‍ എന്ത് ഭംഗിആയിരുന്നു.എണ്ണ തേച്ച് ഒതുക്കി ഇട്ടിരുന്ന അവളുടെ സമൃദ്ധമായ മുടി പുറംനിറഞ്ഞ് കിടന്നിരുന്നു.ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അവല്‍ ഞങ്ങളുടെ ഇടയില്‍ നിന്ന് എഴുന്നേറ്റ് പോയാലും അകത്തെ കതകിന്റെമറവില്‍ അവള്‍ ഉണ്ടാവും.സന്തോഷത്തോടെ അവരുടെ ജീവിതം മുന്നോട്ട് പോയി.

ഞാനും അവനും നാട്ടില്‍ നിന്ന് മാറി.ഞങ്ങള്‍ നാട്ടില്‍ നിന്ന് പോകുമ്പോള്‍ അവള്‍ പത്താം ക്ലാസിലെപരീക്ഷ എഴുതിയിട്ട് ഇരിക്കുകയായിരുന്നു.അവളുടെ റിസല്‍ട്ട് വന്നപ്പോള്‍ അവന്‍ എന്നെ
അറിയിച്ചു.അവളും അച്ഛനുമമ്മയും മറ്റൊരു വീട് വെച്ച് അങ്ങോട്ട് മാറി.പിന്നീട് രണ്ടു വര്‍ഷത്തോളം
ഞാനും അവനും തമ്മില്‍ ഫോണ്‍ വഴിയോ കത്തുവഴിയോ ഒരു ബന്ധവും ഇല്ലായിരുന്നു.ഒരിക്കല്‍
നാട്ടില്‍ എത്തിയ ഞാന്‍ അവളുടെ പുതിയ വീട് പൂട്ടി ഇട്ടിരിക്കുന്നത് കണ്ട് അന്വേഷിച്ചു.വിധി അവളെ
വേട്ടയാടുന്നത് ഞാനപ്പോഴാണ് അറിഞ്ഞത്.നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പ് അവളുടെ അച്ഛനും അമ്മയുംമരിച്ചു.ചേതനയറ്റ അവരുടെ ശരീരത്തിനുമുന്നില്‍ നിലവിളിയോട് നിര്‍വികാരതയോട് നിന്ന അവളെഅവന്‍ അവന്റെ കൂടെ കൊണ്ടുപോയി.

അവരുടെ ബന്ധുക്കളില്‍ പലരും ആ നഗരത്തില്‍ ഉണ്ടായിരുന്നു.ആ നഗരത്തിലെ നഴ്സിംങ്ങ്
കോളേജില്‍ അവള്‍ നഴ്സിംങ്ങിനു ചേര്‍ന്നു.ഞാനവനെ വിളിക്കുമ്പോള്‍ ചിലപ്പോള്‍ അവളായിരുന്നു ഫോണ്‍ എടുത്തിരുന്നത്.ഞാന്‍ ഒരിക്കല്‍ നാട്ടില്‍ എത്തിയപ്പോള്‍ അവരും നാട്ടില്‍ ഉണ്ടായിരുന്നു.രണ്ട് വര്‍ഷത്തിനുമുമ്പായിരുന്നു അത്.നാട്ടില്‍ നിന്ന് തിരിച്ചുപോയതിനു ശേഷം ഞങ്ങല്‍ ഇടയ്ക്കിടെ ഫോണ്‍ ചെയ്യുമായിരുന്നു.അവള്‍ അവിടെ നിന്ന് മറ്റൊരു സ്ഥലത്തുള്ള കോളേജിലേക്ക് മാറിയന്ന് പറഞ്ഞു.

രണ്ടുമാസങ്ങള്‍ക്ക് മുമ്പ് അവന്‍ നാട്ടിലെത്തിയെന്ന് പറഞ്ഞ് വിളിച്ചു.സന്ധ്യകഴിഞ്ഞ് ഞാനവനെ
കാണാനായി അവരുടെ വീട്ടില്‍ എത്തി.അവനോടൊത്ത് അവളും എത്തിയിട്ടുണ്ടന്ന് പറഞ്ഞു.അകത്തെവാതിലിനുപുറകില്‍ അവള്‍ കാണുമെന്ന് എനിക്കറിയാമായിരുന്നു.വാതിലില്‍ മറഞ്ഞ് ഒരാള്‍ നില്‍ക്കുന്നത് എനിക്ക് കാണാമായിരുന്നു.പക്ഷേ അത് അവളാ‍യിരുന്നില്ല.ആ രൂപത്തിന് മുടി ഇല്ലായിരുന്നു.ആ രൂപത്തിന്റെ ചലനങ്ങള്‍ക്ക് അവളുടെ ചലനഭാഷ തന്നെ ആയിരുന്നു.പിറ്റേന്ന് അവര്‍ തിരികെപ്പോയി.

രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരാളോട് സംസാരിക്കുമ്പോള്‍ അവളുടെ കാര്യം ഞങ്ങളുടെ സംസാരത്തിലേക്ക് കടന്നു വന്നു.അപ്പോഴാണ് ആ പെണ്‍കുട്ടിക്ക് സംഭവിച്ച മറ്റൊരു ദുരന്തം ഞാനറിയുന്നത്.അവളിപ്പോള്‍ ഒരുക്യാന്‍സര്‍ രോഗിയാണന്നുള്ള സത്യം ഉള്‍ക്കൊള്ളാനാവാതെ ഞാന്‍ തരിച്ചുന്നു. കീമോതെറാപ്പി യുടെ ഫലമായി അവളുടെ തലമുടിയൊക്കെ പോയന്ന് അവര്‍ പറഞ്ഞു.ചികിത്സയ്ക്ക് വേണ്ടിയാണ് അവള്‍ അവന്റെ അടുത്ത് നിന്ന് മറ്റൊരു സ്ഥലത്തുള്ള കോളേജിലേക്ക് മാറിയത്.

തനിക്ക് നേരിട്ട ദുരിതങ്ങളില്‍ പതറാതെ അവള്‍ പതിയെപതിയെ ജീവിതത്തിലേക്ക് തിരിച്ചു
വരികയാണിപ്പോള്‍. അവളുടെ മുടി തോളറ്റം വളര്‍ന്നുകഴിഞ്ഞു.വിധി വളരെ ക്രൂരമായിട്ടാ‍ണ് അവളോട്പെരുമാറിയത്.അച്ഛനും അമ്മയും നഷ്‌ടപ്പെട്ട അവള്‍ , ഇപ്പോള്‍ ചിരിച്ച് നടക്കുമ്പോള്‍
അവള്‍ക്കിപ്പോള്‍ നമ്മുടെ സഹതാപമല്ല വേണ്ടത്... നമ്മുടെ പ്രാര്‍ത്ഥനകളാണ്.
എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രാര്‍ത്ഥന ............

Wednesday, April 9, 2008

ഇങ്ങനേയും ഒരു പെണ്‍കുട്ടി : (യാത്രകള്‍)

നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് .........
കോയമ്പത്തൂരിലേക്കുള്ള യാത്രകള്‍ക്ക് ബസുകളായിരുന്നു അഭയം.പത്തനംതിട്ടയില്‍ നിന്ന്
എട്ടുമണിക്ക് യാത്ര ആരംഭിക്കുന്ന ‘ട്രാവത്സ് ‘ പിറ്റേന്ന് അഞ്ചുമണി കഴിയുമ്പോള്‍ കോയമ്പത്തൂരില്‍ ‍എത്തും. പത്തനംതിട്ട,തിരുവല്ല,ചങ്ങനാശേരി,കോട്ടയം എന്നിവടങ്ങളില്‍ നിന്ന് ആളെ എടുത്തു കഴി ഞ്ഞാല്‍ പിന്നെ വണ്ടി നിര്‍ത്തുന്നത് പട്ടിക്കാട്ടിലാണ് .

ഒരു ഞായറാഴ്ച ദിവസം .കോയമ്പത്തൂരിലേക്ക് പോകാന്‍ പത്തനംതിട്ടയില്‍ എത്തി. തലേന്നേ ടിക്കറ്റ് എടുത്തിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴേ സീറ്റ് നമ്പരു നല്‍കും.ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത സീറ്റില്‍ വരാതിരിക്കാന്‍ ടിക്കറ്റ് നല്‍കുന്നവര്‍ ശ്രദ്ധിക്കും.എനിക്ക് അന്ന് ടിക്കറ്റ് കിട്ടി യിരുന്നത് അവസാന സീറ്റിലേക്കാ‍യിരുന്നു .ബസ് വന്നപ്പോള്‍ അവസാന സീറ്റില്‍ ഞാന്‍ ചെന്നിരു ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി അവളുടെ അമ്മയുമായി ബസിലേക്ക് കയറി.സീറ്റ്നമ്പര്‍ നോക്കി നോക്കി എത്തിയത് എന്റെ അടുത്ത സീറ്റില്‍.മകള്‍ക്ക് ഇരിക്കേണ്ട സീറ്റിന്റെ അടുത്തസീറ്റില്‍ ഒരാണ്‍കുട്ടി ഇരിക്കുന്നത് ആ അമ്മയ്ക്ക് സഹിക്കുമോ ?അമ്മയങ്ങോട്ട് ചൂടാവാന്‍ തുടങ്ങി. അമ്മയെ സപ്പോര്‍ട്ട് ചെയ്ത് മകളും സംസാരിക്കാന്‍ തുടങ്ങി .

മകളെ നല്ലരീതിയിലാണ് ഇതുവരേയും വളര്‍ത്തിയതെന്നും അവളിതുവരെ ഒരുത്തന്റെ കൂടേയും
യാത്ര ചെയ്തിട്ടില്ലന്നും തുടങ്ങി എന്തക്കയോ അമ്മ പറഞ്ഞു.പാവം തമിഴന്‍ കിളിക്ക് ആ അമ്മ
പറയുന്നതൊന്നും മനസ്സിലായില്ല.മോളുടെ കൂട്ടുകാരി തിരുവല്ലയില്‍ നിന്ന് കയറുമെന്നും ഒക്കെ അവര്‍
പറയുന്നുണ്ടായിരുന്നു. ’‘ആമാ,ആമാ”എന്നു പറഞ്ഞു ആ കിളി എല്ലാം കേട്ടു.സാധാരണതൊട്ടടുത്ത സീറ്റില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വന്നാല്‍ ആവിശ്യപ്പെട്ടാല്‍ മാറിയിരിക്കാറുള്ളതാണ് .എന്നാല്‍ അമ്മയും മകളും ആ സീറ്റില്‍ നിന്ന് മാറിയിരിക്കാമോ എന്ന് എന്നോടൊട്ട് ചോദിച്ചതുമില്ല , ഞാനായിട്ട് മാറാനും പോയില്ല .ഞാനവരുടെ മകളുടെ സീറ്റില്‍ ഇരിക്കാനായിട്ട് ആ ബസില്‍ കയറിഎന്നാണ് ആ അമ്മയുടെ ഭാവം.

ഡ്രൈവര്‍ എത്തി ആ പെണ്‍കുട്ടിക്ക് മറ്റൊരു സീറ്റ് നല്‍കിയതോടെ പ്രശ്നം തീര്‍ന്നു.“എടാ വൃത്തി കെട്ടവനേ എന്റെ മോളുടെ കൂടെ യാത്ര ചെയ്യാമന്നുള്ള നിന്റെ പൂതി മനസ്സിലിരുക്കത്തേയുള്ളു “
എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടായിരിക്കണം ആ അമ്മ എന്നെ ഇരുത്തി നോക്കിയിട്ട് ബസില്‍ നിന്ന്ഇറങ്ങി.കോഴിക്കുഞ്ഞിനെ പരുന്തിന്റെ കാല്‍ക്കീഴില്‍ നിന്ന് രക്ഷിച്ച് ഒറ്റാലില്‍ കയറ്റിയിട്ട അമ്മച്ചിയുടെ ആശ്വാസമുഖമായിരുന്നു അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് .ആ അമ്മയെ ഒരിക്കലും കുറ്റം പറയാന്‍ പറ്റത്തില്ലല്ലോ ?സ്വന്തം മകളെ കൃഷ്ണമണിപോലെ കാക്കാന്‍ ഏതൊരമ്മയാ ണ് തയ്യാറാവാത്തത് ?അന്യന്റെ നോട്ടം കൊണ്ട് പോലും മകള്‍ക്ക് ഒരു പോറല്‍ വീഴാതിരിക്കാന്‍ എല്ലാ അമ്മമാരും ശ്രദ്ധിക്കും.

ബസ്സ് തിരുവല്ലയില്‍ നിര്‍ത്തി.അവിടെ നിന്ന് രണ്ടുമൂന്നുപേര്‍ കയറി.ബസ്സ് നീങ്ങിതുടങ്ങിയപ്പോള്‍ ‍തിരുവല്ലയില്‍ നിന്ന് കയറിയ ഒരുത്തന്‍ എന്റെ അടുത്ത് വന്നിരുന്നു.“ചേട്ടാ ഒന്നു അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ? “ അവന്‍ എന്നോട് ചോദിച്ചു.ഞാന്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു. “ചേട്ടാ വേറെ ഒരു സീറ്റിലേക്ക്അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ?” അവന്റെ ചോദ്യം വീണ്ടും . ഞാന്‍ അവനെയൊന്നു തറപ്പിച്ച് നോക്കി.അവന്റെ പരുങ്ങല്‍ എനിക്ക് മനസ്സിലായി .ഞാന്‍ കൂടുതലൊന്നും ചോദിക്കാതെ എഴുന്നേറ്റു. അവന്‍ തന്നെ ഒരു സീറ്റ് എനിക്ക് കണ്ടെത്തി തന്നു.

ബസിലെ ലൈറ്റുകള്‍ അണഞ്ഞു.കിട്ടിയ സീറ്റില്‍ ഇരുന്ന് ഞാന്‍ ഉറങ്ങി.ബസ്സ് കോയമ്പത്തൂരില്‍
എത്തി. ഞാന്‍ എന്റെ ബാഗ് എടുക്കാനായി പുറകിലത്തെ സീറ്റിനടുത്തേക്ക് ചെന്നു.ഞാനിരുന്ന സീറ്റില്‍തിരുവല്ലക്കാരനോടൊപ്പം അവള്‍ ! പത്തനംതിട്ടയില്‍ നിന്ന് കയറിയ ആ പെണ്‍കുട്ടി. ഇതുവരേയുംഒരുത്തന്റെ കൂടേയും യാത്രചെയ്തിട്ടില്ലാത്തവള്‍ ... അവളും അവനും ഒരു പുതപ്പിനുള്ളില്‍ .... അവള്‍കണ്ണുതുറന്നു നോക്കിയത് എന്റെ മുഖത്തേക്ക് .... അവളുടെ മുഖം വിവര്‍ണ്ണമായി ... അവസാനത്തെ ആളും ബസില്‍ നിന്ന് ഇറങ്ങിയതിനു ശേഷമേ അവര്‍ക്കിരുവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങാന്‍സാധിക്കുകയുള്ളു എന്ന് എനിക്ക് മനസ്സിലായി ....

ചിലകോഴിക്കുഞ്ഞുങ്ങള്‍ ഇങ്ങനെയാണ് ... ഒറ്റാലില്‍ അടച്ചാലും ഒറ്റാലിന്റെ മുകളിലൂടെ പറന്ന്
പരുന്തിന്റെ കാല്‍ക്കല്‍ ചെന്നിരിക്കും ... ഞാന്‍ ബാഗുമായി ബസ്സില്‍ നിന്നിറങ്ങി.അപ്പോള്‍ എന്റെ
മനസ്സില്‍ തലേന്ന് രാത്രിയില്‍ ബസ്സില്‍ നിന്ന് സമാധാനത്തോടെ ഇറങ്ങിപ്പോയ ആ അമ്മയുടെ മുഖമായിരുന്നു...തിരുവല്ലയില്‍ നിന്ന് കയറുന്ന കൂട്ടുകാരിയോടൊപ്പം സുരക്ഷിതമായി കോയമ്പത്തൂരില്‍ ‍ചെന്നിറങ്ങുന്ന മകളെ സ്വപ്‌നം കണ്ട് എന്നെ തറപ്പിച്ച് നോക്കി ഇറങ്ങിപ്പോയ അമ്മയുടെ മുഖം ... ആ അമ്മയുടെ മുഖം ആ പെണ്‍കുട്ടി അന്ന് രാത്രിയില്‍ ഓര്‍ത്തിരിക്കുമോ ?

Monday, April 7, 2008

ആമുഖം

കഥകളും ,കവിതകളും മാത്രമല്ലല്ലോ ജീവിതം ? സ്വപ്നങ്ങളും ,ഭാവനകളും നിറം ചാലിച്ച് എഴുതുന്നകഥകളില്‍നിന്നും കവിതകളില്‍ നിന്നും വേറിട്ട് ഒരു യാത്ര അനിവാര്യമാണ് . മനുഷ്യന്റെ അവസ്ഥകള്‍ നമുക്ക് മനസ്സിലാവുന്നത് യാത്രകളിലൂടെ ആണല്ലോ ?യാത്രകളില്‍ നമ്മള്‍ എത്രയോആളുകളെ കണ്ടുമുട്ടുന്നു .അവരില്‍ നിന്ന് നമുക്ക് പല അനുഭവങ്ങളും ഉണ്ടാവാം .യാത്രകളില്‍ പലകാഴ്ചകളും നമ്മള്‍ കാണുന്നു.അതില്‍ ചിലത് നമ്മളെ നൊമ്പരപ്പെടുത്തുന്നതാവാം ? ചിലത് ഒരിക്കലുംകാണരുതേ എന്ന് നമ്മള്‍ ആഗ്രഹിക്കുന്നതാവാം....

ഞാന്‍ ചെയ്ത യാത്രകളില്‍ ഞാന്‍ കണ്ടുമുട്ടിയവരിലൂടെ , മനസ്സിനെ നൊമ്പരപ്പെടുത്തിയ കാഴ്ച്‌കളിലൂടെ , അനുഭവങ്ങളിലൂടെ ഒരു യാത്ര ഞാന്‍ നടത്തുകയാണ്. എന്റെ കുട്ടിക്കാലത്തെ സ്കൂള്‍യാത്രകള്‍ മുതല്‍ ഇപ്പോഴും തുടരുന്ന ട്രയിന്‍ ബസ്സ് യാത്രകളിലൂടെ എത്രയോ ആളുകളെ കണ്ടിരിക്കുന്നു.മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ച്‌കളായി ....

പ്രണയത്തിന്റെയും ,രതിയുടേയും,കലഹത്തിന്റെയും കാഴ്ച്‌കളുമായി ടി ഗാര്‍ഡന്‍ എക്സ്പ്രക്സ് ........
പ്രണയത്തിന്റെയും ,വികാരത്തിന്റെയും കാഴ്ചകള്‍ നല്‍കി ട്രാവത്സിലെ യാത്രകള്‍ .....
ദൈന്യത നിറഞ്ഞ മുഖങ്ങള്‍ നല്‍കിയ ട്രയിന്‍ യാത്രകള്‍ .........
ഞാന്‍ കണ്ട ആളുകളെ നിങ്ങളിലേക്ക് എത്തിക്കുകയാണ് ............