Sunday, May 11, 2008

മാതൃദിനത്തില്‍ ഈ അമ്മയെ പരിചയപ്പെടുക : യാത്ര

ഞാന്‍ ഈ അമ്മയെ കാണുന്നത് കഴിഞ്ഞ വര്‍ഷം നാട്ടിലെ ഒരു പെരുന്നാള്‍ ചടങ്ങിലാണ്. ഒരു വീട്ടില്‍ ചെന്നപ്പോള്‍
ഈ അമ്മ അവിടെ ഉണ്ടായിരുന്നു.തുണിക്കച്ചവടമാണ് തൊഴില്‍ എന്ന് ഈ അമ്മ പറഞ്ഞു. അന്ന് എന്നോട്
സംസാരിച്ച ഈ അമ്മയുടെ ഉള്ളില്‍ ദുഃഖത്തിന്റെ കടലിരുമ്പുന്നത് എനിക്കറിയാന്‍ കഴിഞ്ഞില്ല.സാധാരണരീതിയില്‍ സംസാരിക്കുന്ന ഈ അമ്മയ്ക്ക് എന്തെങ്കിലും മാനസികമായ ദുഃഖമുണ്ടന്ന് ആര്‍ക്കും മനസിലാകത്തില്ല.ഒന്നു രണ്ടുപേരോടല്ലാതെ അവര്‍ അവരുടെ ദുഃഖം പറഞ്ഞിട്ടില്ലായിരുന്നു.ഉള്ളിലെ ദുഃഖത്തിന്റെ കനലുകള്‍ ഒളിപ്പിച്ച് വെച്ച് ഈ അമ്മ എങ്ങനെ ഇത്രയും നാള്‍ എങ്ങനെ കഴിഞ്ഞു ,കഴിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

ഈ അമ്മയേയും അമ്മയോട് സംസാരിച്ചതും ഞാന്‍ മറന്നു.കുറച്ചു നാളുകള്‍ക്ക് ശേഷം മുംബയിലെ ഒരു സായ്‌ഹാന സദസ്സില്‍ ഈ അമ്മയെക്കുറിച്ചുള്ള സംസാരം ഉണ്ടായി.അപ്പോഴാണ് ഈ അമ്മയുടെ കഥ , അല്ല ജീവിതം ഞാനറിയുന്നത്. സാധാരണ കുടുംബത്തിലാണ് ഇവര്‍ ജനിച്ചത്.പത്തിരുപത്തഞ്ച് വയസ്സായപ്പോള്‍ വിവാഹം കഴിഞ്ഞു.വീട്ടുകാര്‍ ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു.നാട്ടിന്‍പുറത്തു ജനിച്ചു വളര്‍ന്നവള്‍,നാടിനു പുറത്ത് ഒരിക്കല്‍ പോലും പോയിട്ടല്ലാത്തവള്‍... വിവാഹശേഷം ഭര്‍ത്താവോടൊത്ത് താമസമായി.സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയായി ഒരു പുതിയ ജീവിതം.കൊച്ചു കൊച്ചു പിണക്കങ്ങളും പരിഭവങ്ങളും ഒക്കെയായി ജീവിതം മുന്നോട്ട് നീങ്ങി.തങ്ങളുടെ സന്തോഷം പങ്കിടാന്‍ മൂന്നാമതൊരാളും കൂടി തങ്ങളുടെ ഇടയിലേക്ക് കടന്നുവരുന്നു എന്ന വാര്‍ത്ത അറിയിക്കാന്‍ ഭര്‍ത്താവിനെ അവര്‍ കാത്തിരുന്നു.ഭര്‍ത്താവ് വന്നയുടനെ അവര്‍ സന്തോഷവാര്‍ത്ത അറിയിച്ചു.നിസംഗതയോടെ അയാളതു കേട്ടു.പതിയെ പതിയെ അയാളുടെ സ്വഭാവം മാറുകയായിരുന്നു.

കനം വയ്ക്കുന്ന വയറിലേക്ക് നോക്കി അവര്‍ നെടുവീര്‍പ്പിട്ടു.ഒരു ദിവസം വീട്ടില്‍ നിന്ന് പണിക്കെന്ന് പറഞ്ഞിറങ്ങിയ
അയാള്‍ പിന്നീട് തിരിച്ചു വന്നില്ല.അയാള്‍ മറ്റൊരു സ്ത്രിയോടൊപ്പം താമസം തുടങ്ങിയതറിഞ്ഞപ്പോള്‍ അവള്‍ കരഞ്ഞില്ല. ജീവിതത്തിനു മുന്നില്‍ പകച്ചു നിന്ന് മരണത്തിലേക്ക് നടന്നില്ല.തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ തല ഉയര്‍ത്തി ജീവിക്കാന്‍ തന്നെ തീരുമാനിച്ചു.ഒരു ആണ്‍ കുഞ്ഞിനു അവള്‍ ജന്മം നല്‍കി.കുഞ്ഞിന്റെ അവകാശ ത്തിനു അവള്‍ അയാളുടെ വാതിക്കല്‍ പോയി ഇരന്നില്ല.ഈ അമ്മ ഒരു ഫെമിനിസ്‌റ്റോ സ്ത്രിവിമോചന പ്രവര്‍ത്തകയോ ആകാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങി.മറ്റൊരു വിവാഹത്തിനു പലരും പ്രേരിപ്പിച്ചു എങ്കിലും അമ്മ അതിനു കൂട്ടാക്കിയില്ല.മറ്റൊരു വിവാഹം കഴിച്ചാല്‍ തന്റെ ക്കുഞ്ഞിനെ പിരിയേണ്ടിവന്നാലോ എന്ന് അമ്മ ഭയപ്പെട്ടത് കൊണ്ടാണ് അമ്മ മറ്റൊരു വിവാത്തിനു സമ്മതം മൂളാതിരുന്നത്.

ജീവിക്കാന്‍ വേണ്ടി അമ്മ അരിക്കച്ചവടം തുടങ്ങി.മില്ലുകളില്‍ നിന്ന് അരി വാങ്ങി കുട്ടയിലാക്കി തലച്ചുമടായി അമ്മ വീടുവീടാ ന്തരം കയറിയിറങ്ങി വില്പനനടത്തി.(പണ്ട് നമ്മുടെ നാട്ടില്‍ ബ്രാന്‍ഡഡ് അരി വിപണിയില്‍ വരുന്നതിനു മുമ്പ് വീടുകളില്‍ കൊണ്ടുവന്നാണ് മിക്കയിടങ്ങളിലും അരി വില്പന നടത്തിയിരുന്നത്.)അരി വില്പനയില്‍ കൂടി കിട്ടുന്ന ചില്ലറ ലാഭത്തുട്ടുകളില്‍ കൂടി അമ്മ തങ്ങളുടെ ജീവിതം മുന്നോട്ട് നടത്തി.മകന്‍ വളരുമ്പോള്‍ തന്റെ കഷ്ടപ്പാടുകളെല്ലാം മാറുമെന്ന് അമ്മ വിശ്വസിച്ചു.നാട്ടുകാരും അമ്മയെ അങ്ങനെതന്നെ ആശ്വസിപ്പിച്ചു.വഴിവക്കില്‍ തന്റെ ഭര്‍ത്താവിനെ കണ്ടാല്‍ അമ്മ തലകുനിച്ചിരുന്നില്ല.തലയുയര്‍ത്തിതന്നെ നടന്നു.അതുകണ്ട് അയാളുടെ തലകുനിഞ്ഞു.അമ്മ മകനെ പഠിപ്പിച്ചു.

ശരീരം പഴയതുപോലെ വഴങ്ങിയില്ലങ്കിലും അമ്മ അരി വില്പന നിര്‍ത്തിയില്ല.മകന്‍ വളര്‍ന്നു.അവന് വിവാഹ ആലോചന കളൊക്കെ അമ്മ കൊണ്ടുവന്നു.അതെല്ലാം അവന്‍ ഒഴുവാക്കി.കല്ല്യാണതീരുമാനം മകനു തന്നെ അമ്മ വിട്ടു.മകന്‍ തന്നെ കൊണ്ടുവന്ന വിവാഹത്തിനു അമ്മ സമ്മതം മൂളി.മകന്റെ സന്തോഷമായിരുന്നല്ലോ എന്നും അമ്മയ്ക്ക് വലുത്.സ്വന്തം സുഖസന്തോഷങ്ങള്‍ എല്ലം ത്യജിച്ച് അമ്മ ഇത്രയും നാളും ജീവിച്ചത് മകന് വേണ്ടി ആയിരുന്നല്ലോ?വിവാഹം കഴിഞ്ഞു. മരുമകള്‍ക്ക് താനൊരു അപശകുനമാണോ എന്ന് അമ്മ സംശയിച്ചു.മരുമകളുടെ വാക്കും പ്രവര്‍ത്തിയും അത്തരത്തിലായി രുന്നു.അമ്മയ്ക്ക് നേരെ മരുമകള്‍ കുത്തുവാക്കൂകള്‍ തൊടുത്തു അമ്മയുടെ മനസ്സ് കീറിമുറിച്ചു.അമ്മ എല്ലാം മനസ്സില്‍ അടക്കി.മകന്റെ സന്തോഷജീവിതം താന്‍ മൂലം തകരാന്‍ പാടില്ല എന്ന് അമ്മ ആഗ്രഹിച്ചു.മകന്‍ അമ്മയോട് സംസാരിക്കാതായി.

മകന്‍ റോഡ്‌സൈഡില്‍ വീടും സ്ഥലവും വാങ്ങിയന്ന് മറ്റുള്ളവര്‍ പറഞ്ഞാണ് അമ്മ അറിയുന്നത്.ഒരു സുപ്രഭാതത്തില്‍ മകനും മരുമകളും വീട് വിട്ട് പോകുന്നത് നിറകണ്ണുകളോട് കണ്ടുനില്‍ക്കാനേ അമ്മയ്ക്ക് ആയുള്ളു.അവന്‍ തന്നെ പുതിയ വീട്ടിലേക്ക് വിളിക്കുമെന്ന് അമ്മ വിചാരിച്ചു.പക്ഷേ അത് ഉണ്ടായില്ല.പക്ഷേ മകന്‍ ഒന്നു ചെയ്തു എല്ലാ മാസവും ഒന്നാം തിയതി ആയിരം രൂപ അമ്മയ്ക്ക് ആരുടെയെങ്കിലും കൈയ്യില്‍ കൊടുത്തു വിടും.അമ്മ അതു വാങ്ങും.പക്ഷേ അതില്‍ നിന്ന് ഒരുകാശുപോലും എടുക്കാതെ മകന്റെപേരില്‍ ബാങ്കില്‍ ഇടുകയാണ്.

ഇപ്പോള്‍ ഹോള്‍‌സെയില്‍ ആയി തുണി എടുത്തുകൊണ്ടുവന്നു അമ്മ വീടുവീടാന്തരം കയറിയിറങ്ങി തുണികച്ചവടം
നടത്തുകയാണ്.വില്പന നടത്തുന്നു.മകനും കുടുംബവും വീണ്ടും തന്റെ അടുക്കലേക്ക് എത്തുമെന്ന് അമ്മ വെറുതെ ആശിക്കുന്നു.അമ്മയ്ക്ക് അറിയാം അതൊരിക്കലും സംഭവിക്കുകയില്ലന്ന്.നൊന്ത് പെറ്റ് വളര്‍ത്തിയതുകൊണ്ട് മാത്രം അമ്മയ്ക്ക് ആയിരം രൂപ നല്‍കുന്ന് ആ മകന് എന്തായിരിക്കും വിധി.?ആയിരം രൂപ നല്‍കുന്നു എന്നതില്‍ മാത്രം ഒരമ്മയും മകനും തമ്മിലുള്ള ബന്ധം മുന്നോട്ടു പോകുമോ?

ഈ അമ്മ ഇപ്പോഴും മകനും കുടുംബത്തിനും വേണ്ടി കണ്ണീരോട് പ്രാര്‍ത്ഥിക്കുന്നു.ഒരിക്കലും തന്റെ അവസ്ഥ മരുമകള്‍ക്ക് അവളുടെ മകന്‍ മൂലം സംഭവിക്കരുതേ എന്നാണ് ആ അമ്മയുടെ പ്രാര്‍ത്ഥന.ചരിത്രം ആവര്‍ത്തി ക്കാതിരിക്കുമോ?ഒരിക്കലും തന്റെ ചരിത്രം ആവര്‍ത്തിക്കരുതന്നാണ് ഈ അമ്മയുടെ ആവിശ്യം.ഇപ്പോഴും അമ്മ ഉറക്കത്തിലും കാതോര്‍ക്കും... തന്റെ മകന്റെ കാലൊച്ചയ്ക്കായി..................

1 comment:

david said...

yes, money can't replace love