Tuesday, May 6, 2008

വിധിവേട്ടയാടിയ പെണ്‍കുട്ടി : (യാത്ര)

ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ആ‍ പെണ്‍കുട്ടിയെ കാണുന്നത്.നിഷ്‌കളങ്കമായ പുഞ്ചിരിയുമായിഎന്റെ മുന്നില്‍ എത്തുന്നവള്‍.അവള്‍ എന്റെ കൂട്ടുകാരന്റെ പെങ്ങള്‍ ആണ്.പെങ്ങള്‍ എന്ന് പറഞ്ഞാല്‍ അമ്മയുടെ അനുജത്തിയുടെ മകള്‍. അവന് അവള്‍ സ്വന്തം പെങ്ങള്‍ തന്നെ ആയിരുന്നു.വിധിയുടെ ചതുരംഗപലകയില്‍ അവന് അച്ഛനുമമ്മയും നഷ്ട്‌പ്പെട്ടിരുന്നു.അച്ഛന്‍ അവന്റെ ചെറുപ്പത്തില്‍ തന്നെമരിച്ചിരുന്നു.അവന്റെ അനുജനെ കാണാന്‍ കാത്തുനില്‍ക്കാതെയാണ് അച്ഛന്‍ കടന്നുപോയത്.

അവന്റെ ഉള്ളിലെ വിഷമങ്ങള്‍ ഉള്ളിലൊതുക്കി കളിച്ചും ചിരിച്ചും അവന്‍ ഞങ്ങളോടൊപ്പം നടന്നു.വിധിവീണ്ടും അവനോട് ക്രൂരമായാണ് പെരുമാറിയത്.പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയും മരിച്ചതോടെ അവന്റ്യും അവന്റെചേട്ടന്റെയും അനുജന്റെയും ജീവിതം മരുഭൂമിയിലെ ജീവിതം പോലെയായി.ഒരിക്കലും മാഞ്ഞുകണ്ടിട്ടില്ലാത്ത ചിരി അവന്റെ മുഖത്തുനിന്നു മാഞ്ഞു.തികട്ടി വരുന്ന വേദനകള്‍ ഉള്ളില്‍ ഒളിപ്പിച്ച്അവന്‍ ഞങ്ങളോടൊപ്പം നടന്നു.ഈ സമയത്താണ് ആ പെണ്‍കുട്ടിയും അവളുടെ അച്ഛനും അമ്മയുംഅവരോടൊത്ത് താമസിക്കാന്‍ എത്തുന്നത്.

വീണ്ടും അവന്‍ ഞങ്ങളോടൊപ്പം കളിയും ചിരിയുമായി കൂടി.അവന്റെ പിന്നാലെ എപ്പോഴും അവള്‍
ഉണ്ടായിരുന്നു.ഒരു ചിത്രശലഭത്തെപ്പോലെ പാറിപ്പറന്ന് അവള്‍ ! ഞാനവനെ കാണാന്‍
ചെല്ലുമ്പോഴെല്ലാം അവളെ കാണുമായിരുന്നു.അവളുടെ തലമുടി കാണാന്‍ എന്ത് ഭംഗിആയിരുന്നു.എണ്ണ തേച്ച് ഒതുക്കി ഇട്ടിരുന്ന അവളുടെ സമൃദ്ധമായ മുടി പുറംനിറഞ്ഞ് കിടന്നിരുന്നു.ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അവല്‍ ഞങ്ങളുടെ ഇടയില്‍ നിന്ന് എഴുന്നേറ്റ് പോയാലും അകത്തെ കതകിന്റെമറവില്‍ അവള്‍ ഉണ്ടാവും.സന്തോഷത്തോടെ അവരുടെ ജീവിതം മുന്നോട്ട് പോയി.

ഞാനും അവനും നാട്ടില്‍ നിന്ന് മാറി.ഞങ്ങള്‍ നാട്ടില്‍ നിന്ന് പോകുമ്പോള്‍ അവള്‍ പത്താം ക്ലാസിലെപരീക്ഷ എഴുതിയിട്ട് ഇരിക്കുകയായിരുന്നു.അവളുടെ റിസല്‍ട്ട് വന്നപ്പോള്‍ അവന്‍ എന്നെ
അറിയിച്ചു.അവളും അച്ഛനുമമ്മയും മറ്റൊരു വീട് വെച്ച് അങ്ങോട്ട് മാറി.പിന്നീട് രണ്ടു വര്‍ഷത്തോളം
ഞാനും അവനും തമ്മില്‍ ഫോണ്‍ വഴിയോ കത്തുവഴിയോ ഒരു ബന്ധവും ഇല്ലായിരുന്നു.ഒരിക്കല്‍
നാട്ടില്‍ എത്തിയ ഞാന്‍ അവളുടെ പുതിയ വീട് പൂട്ടി ഇട്ടിരിക്കുന്നത് കണ്ട് അന്വേഷിച്ചു.വിധി അവളെ
വേട്ടയാടുന്നത് ഞാനപ്പോഴാണ് അറിഞ്ഞത്.നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പ് അവളുടെ അച്ഛനും അമ്മയുംമരിച്ചു.ചേതനയറ്റ അവരുടെ ശരീരത്തിനുമുന്നില്‍ നിലവിളിയോട് നിര്‍വികാരതയോട് നിന്ന അവളെഅവന്‍ അവന്റെ കൂടെ കൊണ്ടുപോയി.

അവരുടെ ബന്ധുക്കളില്‍ പലരും ആ നഗരത്തില്‍ ഉണ്ടായിരുന്നു.ആ നഗരത്തിലെ നഴ്സിംങ്ങ്
കോളേജില്‍ അവള്‍ നഴ്സിംങ്ങിനു ചേര്‍ന്നു.ഞാനവനെ വിളിക്കുമ്പോള്‍ ചിലപ്പോള്‍ അവളായിരുന്നു ഫോണ്‍ എടുത്തിരുന്നത്.ഞാന്‍ ഒരിക്കല്‍ നാട്ടില്‍ എത്തിയപ്പോള്‍ അവരും നാട്ടില്‍ ഉണ്ടായിരുന്നു.രണ്ട് വര്‍ഷത്തിനുമുമ്പായിരുന്നു അത്.നാട്ടില്‍ നിന്ന് തിരിച്ചുപോയതിനു ശേഷം ഞങ്ങല്‍ ഇടയ്ക്കിടെ ഫോണ്‍ ചെയ്യുമായിരുന്നു.അവള്‍ അവിടെ നിന്ന് മറ്റൊരു സ്ഥലത്തുള്ള കോളേജിലേക്ക് മാറിയന്ന് പറഞ്ഞു.

രണ്ടുമാസങ്ങള്‍ക്ക് മുമ്പ് അവന്‍ നാട്ടിലെത്തിയെന്ന് പറഞ്ഞ് വിളിച്ചു.സന്ധ്യകഴിഞ്ഞ് ഞാനവനെ
കാണാനായി അവരുടെ വീട്ടില്‍ എത്തി.അവനോടൊത്ത് അവളും എത്തിയിട്ടുണ്ടന്ന് പറഞ്ഞു.അകത്തെവാതിലിനുപുറകില്‍ അവള്‍ കാണുമെന്ന് എനിക്കറിയാമായിരുന്നു.വാതിലില്‍ മറഞ്ഞ് ഒരാള്‍ നില്‍ക്കുന്നത് എനിക്ക് കാണാമായിരുന്നു.പക്ഷേ അത് അവളാ‍യിരുന്നില്ല.ആ രൂപത്തിന് മുടി ഇല്ലായിരുന്നു.ആ രൂപത്തിന്റെ ചലനങ്ങള്‍ക്ക് അവളുടെ ചലനഭാഷ തന്നെ ആയിരുന്നു.പിറ്റേന്ന് അവര്‍ തിരികെപ്പോയി.

രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരാളോട് സംസാരിക്കുമ്പോള്‍ അവളുടെ കാര്യം ഞങ്ങളുടെ സംസാരത്തിലേക്ക് കടന്നു വന്നു.അപ്പോഴാണ് ആ പെണ്‍കുട്ടിക്ക് സംഭവിച്ച മറ്റൊരു ദുരന്തം ഞാനറിയുന്നത്.അവളിപ്പോള്‍ ഒരുക്യാന്‍സര്‍ രോഗിയാണന്നുള്ള സത്യം ഉള്‍ക്കൊള്ളാനാവാതെ ഞാന്‍ തരിച്ചുന്നു. കീമോതെറാപ്പി യുടെ ഫലമായി അവളുടെ തലമുടിയൊക്കെ പോയന്ന് അവര്‍ പറഞ്ഞു.ചികിത്സയ്ക്ക് വേണ്ടിയാണ് അവള്‍ അവന്റെ അടുത്ത് നിന്ന് മറ്റൊരു സ്ഥലത്തുള്ള കോളേജിലേക്ക് മാറിയത്.

തനിക്ക് നേരിട്ട ദുരിതങ്ങളില്‍ പതറാതെ അവള്‍ പതിയെപതിയെ ജീവിതത്തിലേക്ക് തിരിച്ചു
വരികയാണിപ്പോള്‍. അവളുടെ മുടി തോളറ്റം വളര്‍ന്നുകഴിഞ്ഞു.വിധി വളരെ ക്രൂരമായിട്ടാ‍ണ് അവളോട്പെരുമാറിയത്.അച്ഛനും അമ്മയും നഷ്‌ടപ്പെട്ട അവള്‍ , ഇപ്പോള്‍ ചിരിച്ച് നടക്കുമ്പോള്‍
അവള്‍ക്കിപ്പോള്‍ നമ്മുടെ സഹതാപമല്ല വേണ്ടത്... നമ്മുടെ പ്രാര്‍ത്ഥനകളാണ്.
എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രാര്‍ത്ഥന ............

1 comment:

Unknown said...

hello
aaranee penkutti...